Fight for Ban Endosulfan

Ban Endosulfan and Save Generation

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ വിഷമായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ജനതയൊന്നാകെ നടത്തുന്ന പോരാട്ടങ്ങളെ  അനുഭാവപൂര്‍വ്വം കാണുന്നവരാണ് നമ്മളെല്ലാം. തങ്ങളുടേതല്ലാത്ത കാരണത്താല്‍  ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരുമായി പക്ഷം ചേരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടാതെ, സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാരിനെ നാം എന്തുപേരിട്ടാണ് വിളിക്കേണ്ടത്? അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് 80-ലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും കാസര്‍ഗോഡ് ഉള്‍പ്പെടുന്ന ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്രവേദികളില്‍ നിലയുറപ്പിക്കുന്നത്  ഇന്ത്യക്കാരെ മുഴുവന്‍ ലജ്ജിപ്പിക്കുന്നു.

ഏപ്രില്‍ 25 മുതല്‍ 27 വരെ ജനീവയില്‍ സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായ ശാസ്ത്രസമിതിയോഗം ചേരുന്നത് എന്‍ഡോസള്‍ഫാന്‍ നിരോധനത്തെപ്പറ്റി ആലോചിക്കാനാണ്. ഈ സമിതി കഴിഞ്ഞ ഒക്ടോബറില്‍തന്നെ ഇന്ത്യയുള്‍പ്പെടയുളള രാജ്യങ്ങളോട് ഈ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യെപ്പട്ടിരുന്നതുമാണ്. എന്നാല്‍ നമ്മുടെ ഭാരതം കുറ്റകരമായ മൗനം പാലിക്കുകയാണ്.

സ്വന്തം ജനത നരകയാതനയുംപേറി മരണത്തിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുമ്പോള്‍ വേട്ടക്കാരുടെ പക്ഷം ചേര്‍ന്നു ‘കൊലവിളി’ മുഴക്കുന്ന അപമാനകരമായ ദൃശ്യങ്ങളാണ് ഇന്ത്യയുടെ ഭരണാധികാരികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളും, ജനതയേയും പ്രകൃതിയേയും കേന്ദ്രബിന്ദുവായി കാണുന്ന ശാസ്ത്ര ലോകത്തിന്റെ നിരീക്ഷണങ്ങളും ഈ മാരകവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഏവരേയും പ്രേരിപ്പിക്കുമ്പോള്‍ കേരള ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ദുരിതങ്ങള്‍ പേറേണ്ടി വന്നവരെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുമുണ്ടായി.

Endosulfan Protest Day

1956-ല്‍ ബോംബെയില്‍ നിന്നും ഒരു കപ്പലില്‍ കൊച്ചിയിലേക്ക് കൊണ്ടുവന്ന ഫോളിഡോള്‍ എന്ന കീടനാശിനി ഭക്ഷ്യവസ്തുക്കളുമായി കലരുകയും നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഞെട്ടലോടെ രാജ്യം കണ്ട ഈ ദാരുണസംഭവം അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. അദ്ദേഹം മന്‍മോഹന്‍സിംഗിനെപ്പോലെ മൗനത്തിന്റെ വാത്മീകങ്ങളില്‍ അഭയം തേടുകയായിരുന്നില്ല ചെയ്തത്. ജസ്റ്റീസ് ഷായെ അന്വേഷണ കമ്മിഷനായി നെഹ്‌റു നിയോഗിച്ചു. 1958-ല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പ്രകൃതിക്കും മനുഷ്യനും ദോഷം സംഭവിക്കാന്‍ പാടില്ലെന്ന വിശാല കാഴ്ചപ്പാടോടെ കീടനാശിനികളുടെ ഉല്‍പാദനം, ഉപയോഗം, വിതരണം എന്നിവയിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്താനുളള നിയമത്തിന്റെ ആവശ്യകത പാര്‍ലമെന്റിനുമുമ്പാകെ അവതരിപ്പിച്ചതും നെഹ്‌റുതന്നെയായിരുന്നു. ഇതില്‍ നിന്നാണ് 1968-ലെ ഇന്ത്യന്‍ ഇന്‍സെക്റ്റിസൈഡ് ആക്ടിന്റെ പിറവിയുണ്ടായത്. നൂറിലധികംപേരുടെ മരണം നെഹ്‌റുവിന്റെ മനസ്സിനെ ഇളക്കി, ഉളളുപൊളിച്ചു ഉറക്കം കെടുത്തി. അദ്ദേഹത്തിന്റെ അടിയന്തിര ഇടപെടലുകളിലൂടെ രാജ്യത്തിന് അത്യാവശ്യമായിരുന്ന ഒരു നിയമം തന്നെ ഉണ്ടായി.

വര്‍ഷങ്ങളേറെ കഴിയുമ്പോള്‍ കീടനാശിനി മൂലം പതിനായിരങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ ഭാര്യ യു പി എ അധ്യക്ഷ പദവിയുംപേറി ഇന്ത്യന്‍ ഭരണത്തെ നിയന്ത്രിക്കുമ്പോള്‍, കേന്ദ്ര ഭരണകൂടം കീടനാശിനിക്കു സ്തുതിഗീതം പാടുകയാണ്. നെഹ്‌റുവിനെക്കുറിച്ചും, ഇന്ദിരാഗാന്ധിയെക്കുറിച്ചും അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രകൃതിപക്ഷപാതിത്വത്തെക്കുറിച്ചും വാതോരാതെ പറയുന്നവര്‍ കേന്ദ്ര ക്യാബിനറ്റില്‍ വാണരുളുമ്പോള്‍ കാസര്‍ഗോഡ് ഒരു ദുരന്ത ഭൂമിയായി മാറിത്തീരുന്നു. ഇതിനു കാരണമായ കീടനാശിനി നിേരാധിക്കണമെന്ന മുറവിളികള്‍ക്ക് ഭരണാധികാരികള്‍ കാതുകൊടുക്കാതിരിക്കുന്നത് മിതമായി പറഞ്ഞാല്‍ മനുഷ്യത്വഹീനമാണ്.

കണ്ണീര്‍ പോലും വറ്റിവരണ്ടുപോകുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നുണ്ട്. ചിന്നപ്പഷെട്ടി, സുജിത്, ഷാഹിന…… എന്റെ ഉളളിലെ ചിത്രങ്ങള്‍ ഏറെയാണ്. 20 വയസ്സിനപ്പുറമെത്തിയിട്ടും ‘അമ്മേ’ എെന്നാന്നുച്ചരിക്കാത്ത മകനേയും ചേര്‍ത്തുനിര്‍ത്തി കണ്ണിലേക്ക് നോക്കിനിന്ന ആ സഹോദരിയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഒരു കുഞ്ഞിക്കാലുകാണാന്‍ നിരവധിപേര്‍ കൊതിക്കുന്ന ഈ ലോകത്ത്, തങ്ങള്‍ക്ക് അംഗവൈകല്യമുളള മക്കള്‍ ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭഛിദ്രത്തിന് തയ്യാറാകുന്നവരെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളെത്തുന്നത്! ഇെതത്ര ദയനീയവും ഭീകരവുമാണ്.!!

Endosulfan Signature Campaign

മനുഷ്യത്വത്തെ പിടിച്ചുലയ്ക്കുന്ന ഈ ദൃശ്യങ്ങളും വാര്‍ത്തകളും ശരത് പവാറിനും കെ വി തോമസിനും ബാധകമാകുന്നതേയില്ല. ‘മായിയായ നമഃ’ (അവരുടെ ഇഷ്ട ശാസ്ത്രജ്ഞനായ ഡോഃ മായിയെ ഓര്‍ക്കുക) എന്ന മന്ത്രം ചൊല്ലി കീടനാശിനി കമ്പനികളുടെ ദാസ്യവേലയില്‍ അഭിരമിക്കുന്നവരില്‍ നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക ?

ഏപ്രില്‍ 25-ന് ജനീവയില്‍ യോഗം ചേരുമ്പോള്‍ ഇന്ത്യ എന്താണ് പറയുക?  ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ലോക രാജ്യങ്ങളിലെ മഹാഭൂരിപക്ഷവും പറയുമ്പോള്‍ ഇന്ത്യ വേട്ടക്കാരുടെ പക്ഷത്തായിരുന്ന നാളിതുവരെ. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന് കേന്ദ്ര കൃഷിമന്ത്രാലയം ആവര്‍ത്തിച്ച് ഉരുക്കഴിക്കുന്നുണ്ട്. ജനീവയില്‍ പറയാന്‍ പോകുന്നതും ഇതായിരിക്കാം. പ്രധാനമന്ത്രിയോടും കൃഷിമന്ത്രാലയത്തിലെ പ്രമുഖരോടും ഇക്കാര്യത്തിലെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ സര്‍വ്വകക്ഷി സംഘം ഡല്‍ഹിക്കു പുറപ്പെടുകയാണ്. അവസാനമായി ഒന്നുകൂടി പറയാന്‍. ജനീവ സമ്മേളനം ആരംഭിക്കുന്ന ഏപ്രില്‍ 25-ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി കേരളം ആചരിക്കുകയാണ്. കേരളമൊന്നാകെ ഈ പ്രതിഷേധത്തില്‍ പങ്കാളികളാവേണ്ടതുണ്ട്.

ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ വേട്ടനായ്ക്കളാല്‍ കടിച്ചുകീറപ്പെടുമ്പോള്‍ ജനപ്രതിനിധികള്‍ ആരുടെ പക്ഷത്തായിരിക്കണം? എന്‍ഡോസള്‍ഫാന്‍ വിഷയം നമുക്കു നല്‍കുന്ന കാഴ്ച ജനസേവകര്‍ ജനവിരുദ്ധരുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതാണ്. ഇതിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടേമതിയാകൂ.

നമ്മുടെ രോഷങ്ങള്‍ അണപൊട്ടി ഒഴുകേണ്ടത് ഇപ്പോഴാണ്. ജനങ്ങള്‍ക്ക് മരണം സമ്മാനിക്കുന്ന അഭിനവ നീറോമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വീണ വായിക്കുമ്പോള്‍ നാം നിസംഗത പാലിക്കുന്നത് അപകടകരമാണ്.

ഗാന്ധിയന്‍ സമരങ്ങളിലൂടെ, പ്രതിഷേധങ്ങളിലൂടെ, പ്രതികരണങ്ങളിലൂടെ കേന്ദ്രഭരണക്കാരുടെ കണ്ണുതുറപ്പിക്കാനുളള പരിശ്രമത്തിലാണ് ഒരു ജനതയിപ്പോള്‍. പലപേരുകളില്‍ പല സംഘങ്ങളായി അവര്‍ ഈ പ്രവര്‍ത്തനത്തിലാണ്. അവര്‍ പാതയോരങ്ങളില്‍ യോഗങ്ങള്‍ ചേരുന്നു, പ്രതിഷേധത്തിന്റെ പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്നു. മരങ്ങളെ ആദരവോടെ കണ്ട പഴയ തലമുറയുടെ രീതികളെ ഉളളില്‍ കുടിയിരുത്തി മരച്ചുവട്ടില്‍ ഒപ്പു ശേഖരിക്കുന്നു. ഒപ്പുമരങ്ങളെന്നാണ് ഈ നല്ല മനുഷ്യര്‍ അവയ്ക്കിട്ടിരിക്കുന്ന പേര്.

കാസര്‍ഗോഡും, തിരുവനന്തപുരത്തും കേരളത്തില്‍ നിരവധിയായ ഇടങ്ങളിലും ഒപ്പുമരങ്ങളുണ്ടായിക്കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആണ് തിരുവനന്തപുരത്തെ ഒപ്പുമരത്തില്‍ ആദ്യത്തെ ഒപ്പ് രേഖപ്പെടുത്തിയത്. ഇനി നമ്മുടെയെല്ലാം ഊഴമാണ്. കേരളമൊന്നാകെ ഈ കൊടിയ അനീതിയില്‍ പ്രതിഷേധിച്ചേ മതിയാകൂ. ഒപ്പുമരങ്ങളുടെ ചുവട്ടിലേക്ക് നമ്മളെല്ലാം കൂട്ടം കൂട്ടമായി എത്തുക. പ്രതികരിക്കുക, പ്രതിഷേധിക്കുക. ഇതാണ് അതിനുളള സമയം.

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

%d bloggers like this: